English| മലയാളം

ചരിത്രം

മുനിസിപ്പാലിറ്റി രൂപീകരിച്ച തീയതി/വര്‍ഷം  1993

 

പ്രാക് ചരിത്രം

 

1498 ല്‍ പോര്‍ച്ചുഗീസുകാരനായ വാസ്കോഡഗാമ കാല്‍കുത്തിയ മണ്ണ് കൊയിലാണ്ടിയിലാണ്. സാമൂതിരിയുടെ വലം കൈയ്യായി നിന്ന് പറങ്കിപ്പടയെ നാമാവശേഷമാക്കാന്‍ ചരിത്രത്തിലെ ഐതിഹാസികമായ ഏറ്റുമുട്ടലുകള്‍ക്ക് നേതൃത്വം നല്‍കുകയും ഒടുവില്‍ സ്നേഹിച്ചവരില്‍ നിന്നു തന്നെ ഉണ്ടായ കൊടുംവഞ്ചനയുടെ അഗാധതയില്‍ മുങ്ങി അവിശ്വസനീയമാം വിധം അസ്തമിക്കുകയും ചെയ്ത കുഞ്ഞാലിമരക്കാരുടെ ജീവിതഗാഥയും ഈ മണ്ണിനെ ത്രസിപ്പിക്കുന്നു. ടിപ്പുവിന്റെ പടയോട്ടങ്ങള്‍ ഇതുവഴി കടന്നുപോയിട്ടുണ്ട്.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

 

 കേളപ്പജിയുടേയും, വി.കെ. ഗോവിന്ദന്‍ നായരുടേയും പ്രവര്‍ത്തന സിരാകേന്ദ്രമായിരുന്നു കൊയിലാണ്ടി. പൂമഠത്തില്‍ രാമകൃഷ്ണന്‍, കെ.പി. കുഞ്ഞിരാമന്‍, ടി.വി. കുങ്കര്‍, എ.വി. ആര്യന്‍ മാസ്റ്റര്‍, എം.ടി.കുമാരന്‍, മുസ്ളീം നേതാവായ ബാഫക്കി തങ്ങള്‍ എന്നിവരാണ് സ്വാതന്ത്ര്യസമരത്തിലെ പ്രധാന നേതാക്കള്‍. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ് ഗാന്ധിജിയും, നെഹ്റുവും ഇവിടെ വന്നിട്ടുണ്ട്.

 

വാണിജ്യ-ഗതാഗത പ്രാധാന്യം

 

എന്‍.എച്ച്.17 ഇതുവഴി കടന്നുപോകുന്നുണ്ട്. മംഗലാപുരം ഷൊര്‍ണ്ണൂര്‍ റെയില്‍പാത മുനിസിപ്പാലിറ്റിയില്‍ കൂടി കടന്നുപോകുന്നു.

 

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

 

1949-ല്‍ കൊയിലാണ്ടി പഞ്ചായത്ത് രൂപീകൃതമായി. 1993 ഏപ്രില്‍ 1ന് മുനിസിപ്പാലിറ്റി ആയി ഉയര്‍ത്തപ്പെട്ടതിന് ശേഷം രണ്ടു വര്‍ഷത്തിലധികം ഉദ്യോഗസ്ഥ ഭരണത്തിലായിരുന്നു. ഈ കാലഘട്ടത്തില്‍ പി. കുഞ്ഞിമുഹമ്മദ്, എം.എ. ശ്രീധരന്‍ നായര്‍, എം.ആര്‍. അഭിലാഷ് എന്നിവരായിരുന്നു സ്പെഷ്യല്‍ ഓഫീസര്‍മാര്‍.